Search This Blog

Search This Blog

Wednesday, February 8, 2017

സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ധീൻ മുസ്‌ലിയാർ - ചെറുശ്ശേരി ഉസ്താദ്









സൈനുൽ ഉലമ ചെറുശ്ശേരി ഉസ്തസാദ് മഖാം 
Cherusheri Usthad Maqam
സൈനുൽ ഉലമ ചെറുശ്ശേരി ഉസ്തസാദ്   -മഖ്ബറ

അഗാധമായ ജ്ഞാനവും ആത്മീയതയും മാതൃകാപരമായ വിനയത്തിൽ ഒളിപ്പിച്ചു കേരളീയ മുസ്ലിംകളെ വിസ്മയിപ്പിച്ചു കടന്നു പോയ കർമ്മ ശാസ്ത്ര രംഗത്തെ സൂര്യതേജസ്സും പണ്ഡിത ശ്രേഷ്ഠരുമായ ശൈഖുന സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ധീൻ മുസ്‌ലിയാർ (ന.മ) വഫാതായിട്ടു ഒരു വര്ഷം പൂർത്തിയാകുന്നു.

മഹാനവർകളുടെ വേർപാടിന്റെ ആഘാതത്തിൽ നിന്ന് ഇനിയും നാം മുക്തരായിട്ടില്ല.ഈ സന്ദർഭത്തിൽ മാതൃകാപരമായ ആ ജീവിതത്തിന്റെ ഏതാനും സ്മരണകൾ നല്ല നാളേക്കായി നമുക്ക്  ഇവിടെ  പങ്കു വക്കാം .

കേരളത്തിലെ ഏറ്റവും വലിയ മതപണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ  ഇരുപതു വര്ഷക്കാലത്തെ  ജനറല്‍ സിക്രട്ടറിയും  ഫത് വ കമ്മിറ്റി ചെയർമാനും നൂറു കണക്കിന് മഹല്ലുകളുടെ ഖാസിയും ദാറുൽ  ഹുദാ  ഇസ്ലമിക്  യുനിവേസ്ര്സിടി പ്രോ: ചാൻസ്സലറും  ഒട്ടനേകം സംഘടനകളുടെയും സ്ഥാപനങ്ങളുടെയും  തലവനും ആറ് പതിറ്റാണ്ട്കാലം മതാദ്ധ്യാപന രംഗത്ത് സജീവമായി    നിലകൊള്ളാനും ആയിരക്കണക്കിന് ശിഷ്യഗണങ്ങളെ              വാര്‍ത്തെടുക്കാനും സൗഭാഗ്യം ലഭിച്ച  ഗുരുവര്യരും ആയിരുന്നു ശൈഖുനാ ചെറുശ്ശേരി ഉസ്താദ്.

ലക്ഷങ്ങളുടെ ആശയവും പ്രതീക്ഷയുമായി വിരാജിച്ച ശൈഖുന ചെറുശ്ശേരി ഉസ്താദ്നമുക്ക് എല്ലാറ്റിലും ഒരു വലിയ ധൈര്യമായിരുന്നു.എന്ത് വിഷയമായാലും അവിടെ പരിഹാരമുണ്ടായിരുന്നു.. ഇന്ന് അധികമാളുകൾക്കും അന്യമായ വിനയത്തിന്റെ മകുടോദാഹരണവുമായിരുന്നു ഉസ്താദ്.

വാക്കിലും പ്രവൃത്തിയിലും ഖുതുബി (ന.മ ) മുതൽ കണ്ണിയതുസ്താദ് - ശംസുൽ ഉലമ വരെയുള്ള പണ്ഡിത കുലപതികളെയും തന്റെ പിതാവും പിതാമാഹനുമടക്കമുള്ള ഉസ്താദുമാരെയും അക്ഷരം പ്രതി അനുധാവനം ചെയ്ത ശൈഖുനാ പാരമ്പര്യത്തിൽ അടിയുറച്ചു വിശ്വസിക്കുകയും അതിനു വിപരീതമാല്ലാത്ത വിധത്തിൽ കാലഘട്ടത്തിന്റെ ആവശ്യങ്ങളെ കണ്ടറിയുകയും ചെയ്തു.ചെറുപ്പം മുതലേ അവരെ നോക്കി കണ്ട ശൈഖുനാക്ക് പാരമ്പര്യത്തിന്റെ മേന്മയിലായിരുന്നു വിശ്വാസം. മറ്റൊരാർത്ഥത്തിൽ ആ മഹാ പണ്ഡിതരുടെ ആശീർ വാദവും അനുഗ്രഹവും  ശൈഖുനാക്ക് നന്നായി ലഭിച്ചിരുന്നു.അഥവാ കേരളത്തിലെ ആദ്യ കാല പണ്ഡിത ശ്രേഷ്ടരുമായി ശൈഖുനാക്ക് വലിയ ആത്മ ബന്ധമുണ്ടായിരുന്നു.

വളരെ ചെറുപ്പത്തിൽ തന്നെ  പ്രധാന ഉസ്താദായ സ്വന്തം ഉപ്പയും കണ്ണിയത് ഉസ്താദും മഹാനായ ഫള്ഫരിയും സി .എം വലിയുല്ലാഹിയും തൃപ്പനച്ചി ഉസ്താദുമൊക്കെ  ചെറുശ്ശേരി  ഉസ്താദിന്റെ മഹത്തായ ഭാവിയിലേക്ക് സൂചന നല്കിയിരുന്നു.

 
മഞ്ചേരി ഓവുങ്ങല്‍ അബ്ദുറഹ്മാൻ മുസ്ലിയാരുടെ ശിക്ഷണത്തിൽ പഠിക്കുമ്പോൾ തന്നെ ഉസ്താദിന്റെ ആശീർവാദത്തോടെ ശൈഖുനാ  ഫത്‍വ  കൊടുത്തിരുന്നു .മറ്റൊരു ഗുരുവര്യരായ ഓ.കെ സൈനുദ്ധീൻ മുസ്ലിയാരും തന്റെ ശിഷ്യന്റെ കഴിവിൽ അഭിമാനം പ്രകടിപ്പിച്ചിരുന്നുശൈഖുനായുടെ തട്ടകമായിരുന്ന ചെമ്മാട് ഭാഗത്തു നിന്ന് ഫത്‍വക്കു വന്നിരുന്ന പലരെയും 'ചെറുശ്ശേരി അവിടെയുള്ളപ്പോൾ എന്തിനു ഇങ്ങോട്ടു വന്നുഎന്ന് പറഞ്ഞു ശൈഖുനായുടെ അടുത്തേക്ക് തന്നെ തിരിച്ചയച്ചിരുന്നു.

ശൈഖുനാ കക്കിടിപ്പുറമായിരുന്നു ആത്മീയ ഗുരുക്കളിൽ പ്രധാനി..

 മർഹൂം പൂക്കോയ തങ്ങളുടെ കാലം മുതൽ പാണക്കാട് കുടുംബവുമായി ശൈഖുനാക്ക്  വലിയ അടുത്ത ബന്ധമായിരുന്നു. മർഹൂം മുഹമ്മദ് അലി ശിഹാബ് തങ്ങളുമായും മർഹൂം ഉമർ അലി ശിഹാബ് തങ്ങളുമായും  ഇന്നത്തെ മുസ്ലിം കൈരളിയുടെ അഭിമാനവും ആർജ്ജവുമായ സയ്യിദ് ഹൈദർ അലി ശിഹാബ് തങ്ങളുമായും അവരുടെ സഹോദരന്മാരുമായും അവരുടെ പുത്രന്മാരുമായൊക്കെ   ശൈഖുന വളരെ അഗാധമായ ബഹുമാനത്തോടെ ആയിരുന്നു പെരുമാറിയിരുന്നത്. കാസറഗോഡ് ഒരു പരിപാടിക്ക് പോയ സമയം ശൈഖുനായുടെ പരിപാടിയിൽ ബഹുവന്ദ്യരായ ബഷീർ അലി ശിഹാബ് തങ്ങളുമുണ്ടായിരുന്നു. മടക്ക സമയം തങ്ങളുടെ കാർ വരാൻ താമസിച്ചപ്പോൾ തനിക്കു വേണ്ടി കാത്തിരുന്ന ഉസ്താദിനോട് നാട്ടിലേക്ക് തിരിക്കാൻ ഒരാൾ വശം  തങ്ങൾ പറഞ്ഞയച്ചപ്പോൾ  പാണക്കാട്ടെ കുട്ടി പോയിട്ട് പോയാൽ മതി എന്നായിരുന്നു മറുപടി.സമസ്തയുടെ പ്രസിഡന്റ് ആദരണീയരായ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുമായും ശൈഖുനാ വലിയ ബന്ധം കാത്തു സൂക്ഷിച്ചു. ശംസുൽ ഉലമയെ പോലെ തന്നെ അഹ്ലുബൈത്തിലെ എല്ലാവരെയും  ശൈഖുനാ വളരെ ബഹുമാനിച്ചിരുന്നു.

പണ്ഡിത കേസരികളായിരുന്ന തന്റെ പിതാവിന്റേയും പിതാമഹന്റെയും സഹചാരിയായിരുന്ന കണ്ണിയത്തുസ്താദ് ഏറെ വര്ഷങ്ങള്ക്കു മുമ്പ് വളരെ ചെറുപ്പമായിരുന്ന
ശൈഖുനായെ കുറിച്ച് ഇങ്ങനെ പറഞ്ഞു-മൂർഖന്റെ മകൻ മൂർഖൻ തന്നെ'.അവിടന്നങ്ങോട്ട് കണ്ണിയത്തുസ്താദ് സൈനുൽ ഉലമയെ  എല്ലാ വിഷയത്തിലും പരിഗണിച്ചിരുന്നു.  വാര്‍ധക്യ കാലത്ത് കര്‍മശാസ്ത്ര വിഷയങ്ങളില്‍ തീര്‍പ്പ് കല്‍പിക്കാന്‍  സൈനുല്ഉലമായെ ഏല്‍പിച്ചിരുന്നു.

ശംസുൽ ഉലമയും  സൈനുൽ ഉലമയെ ആഴത്തിൽ അറിഞ്ഞു..അത് കൊണ്ട് തന്നെ തനിക്കു പകരം പല സുപ്രധാന പരിപാടികൾക്കും ശംസുൽ ഉലമ ശൈഖുനയെ പറഞ്ഞയക്കുമായിരുന്നു.

ശംസുൽ ഉലമ എഴുപതാം വാർഷികത്തിൽ  വിടവാങ്ങൽ പ്രസംഗം നടത്തി പോകുമ്പോൾ പതിവിൽ നിന്ന് വിപരീതമായി സൈനുൽ ഉലമയെ പിന്നിൽ നിന്ന് വിളിച്ചു തന്റെ ഇരിപ്പിടത്തിൽ ഇരുത്തി തന്റെ പിൻഗാമിയെ നിർദ്ദേശിച്ചാണ് യാത്ര പോയത്.
അത് കൊണ്ട് തന്നെ എല്ലാ വിഷയത്തിലും ശൈഖുനാ ശംസുൽ ഉലമയെ അനുധാവനം ചെയ്തിരുന്നു. സുന്നി ഐക്യമടക്കം പ്രധാന വിഷയങ്ങളിൽ സമസ്തയുടെ നിലപാടുകൾ വിശദീകരിക്കുമ്പോൾ ശംസുൽ ഉലയുടെ നിലപാടിനായിരുന്നു പ്രാമുഖ്യം നൽകിയിരുന്നത്.

എല്ലാറ്റിലും സ്വത സിദ്ധമായ ശൈലി ആയിരുന്നു ശൈഖുനയുടേത് .അധ്യാപനം നര്മങ്ങൾ ചേർത്ത് ഹൃദ്യമാക്കിയ അറിവിന് സദ്യ ആയിരുന്നുവെങ്കിൽ പ്രസംഗം നാട്യങ്ങളില്ലാത്ത ഒരു ആശയ പ്രചാരകന്റെ ആത്മാർത്ഥമായ സമ്പൂർണ്ണ വിഷയാവതരണങ്ങളായിരുന്നു.

 ഫിഖ്‌ഹിൽ സൈനുൽ ഉലമക്ക് അനുപമമായ സ്ഥാനമായിരുന്നു..സങ്കീർണ്ണ മസ്അലകൾക്കു മായാജാലം പോലെ ഞൊടിയിടയിൽ മറുപടി ..
ചോദ്യങ്ങൾ ശൈഖുനാക്ക് ഒരു ഹരമായിരുന്നു.ചിലപ്പോൾ അവർ ഇങ്ങനെ പറയും, 'ചോദ്യം വരട്ടെ,അതാണ് നമുക്കാവശ്യം. 'ചോദ്യം, ചോദ്യത്തിനുത്തരം,ഉത്തരത്തിനു ഖണ്ഡനം'.. ശൈഖുനാ അത് പറയുമ്പോൾ ചുണ്ടിൽ പുഞ്ചിരി വിരിയുന്നത് കാണാമായിരുന്നു.

തിരക്കേറിയ ജീവിതത്തിലും ഇബാദത്തിന്റെ ചിട്ടകൾ വളരെ കൃത്യമായി സൂക്ഷിച്ചു .വിവിധ സമ്മേളനങ്ങളും യോഗങ്ങളും കഴിഞ്ഞു വൈകി എത്തിയാലും രാത്രി മൂന്ന് മണിക്ക് എണീറ്റ് തഹജ്ജുദിൽ മുഴുകും.ജമാ-അത് നിസ്കാരങ്ങളിൽ നിഷ്കര്ഷത പുലർത്തിയിരുന്ന ശൈഖുനാ സുബ്ഹ് ജമാ-അതായി നിസ്കരിച്ചു സൂര്യൻ ഉദിച്ചു ഉയരുന്നത് വരെ അതെ ഇരിപ്പിടത്തിൽ ആരാധനയിൽ മുഴുകും.ശേഷം നിസ്കാരത്തിലേക്കു എണീക്കും.അതിലെ സുജൂദുകൾ ഇരുപതു മിനുട്ടും അതിലധികവും നീളും.

തിങ്കളാഴ്ചയും വ്യാഴാഴ്ചയും അയ്യാമുൽ ബീളിലും നോമ്പ് സുന്നത്തുള്ള മറ്റു ദിവസങ്ങളിലും ശൈഖുന നോമ്പ് ചെറുപ്പം മുതലേ അനുഷ്ഠിച്ചിരുന്നു.

ശംസുൽ ഉലമയെ പോലെ തന്നെ ശൈഖുനായുടെ കയ്യിൽ എപ്പോഴും ദിക്റിൽ തസ്ബീഹ് മാല മറിയുന്നത് കാണാം.അവസാന നാളുകളിൽ വെന്റിലേറ്ററിൽ പോലും അവർ കയ്യിൽ തസ്ബീഹ് മാല മറിച്ചിരുന്നു എന്ന് പറയുമ്പോൾ ദിക്ർ  അവരുമായി എത്ര അലിഞ്ഞു ചേർന്ന് എന്ന് മനസ്സിലാക്കാം.
ശൈഖുനായുടെ വിനയം അത്ഭുതപ്പെടുത്തുന്നതായിരുന്നു.അനുസ്മരണ യോഗങ്ങളൊക്കെ ഏറ്റവും പരാമർശിച്ചത് അവരുടെ അറിവിന്റെ ആഴത്തിനൊത്ത അവരുടെ വിനയത്തെ കുറിച്ചായിരുന്നു.

പ്രതേകിച്ചു കൊണ്ടോട്ടിക്കാർ ദശകങ്ങൾ അത് കൂടുതൽ നേരിൽ കണ്ടു.ലക്ഷങ്ങൾ വരുന്ന അനുയായി വൃന്ദങ്ങളുള്ള  ആ മഹാ പണ്ഡിതൻ സ്വന്തമായി വീട്ടിലേക്കു മാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങി നടന്നു കൊണ്ട്  പോവുക പതിവായിരുന്നു. തിരക്കിനിടയിൽ തന്റെ തോട്ടങ്ങൾ പരിപാലിക്കുന്നതിനും സമയംകണ്ടെത്തിയിരുന്നു..

സന്ദർശകരെ ഒരു പോലെ സ്വീകരിച്ചു.പ്രമാണിയായിരുന്നാലും പാവപ്പെട്ടവനായിരുന്നാലും തന്റെ കൈ കൊണ്ട് തന്നെ ചായ കൊടുക്കും.

പരിപാടികൾക്ക് ക്ഷണിക്കുമ്പോൾ പരിപാടിയുടെ വലിപ്പ ചെറുപ്പം ശൈഖുന നോക്കാറുണ്ടായിരുന്നില്ല.മറ്റുള്ളവർ കാത്തിരിക്കുന്നത് ഇഷ്ട്ടപ്പെടാതിരുന്ന ശൈഖുനാ കൃത്യ സമയത്തിലും നേരത്തെ എത്തിയിരുന്നു.
അവസാന  കാലത്തു ആരോഗ്യം അല്പം ക്ഷീണിച്ചപ്പോൾ മാത്രമാണ് ദൂര യാത്രയിൽ ശൈഖുനാ അല്പം നിയന്ത്രണം സ്വീകരിച്ചത്.ശേഷവും സമസ്തയുടെയും ദാറുൽ ഹുദായുടെയും പ്രധാന പരിപാടികളിലും ശിഷ്യന്മാരുടെ നികാഹുകളിലും  പ്രത്യേക താല്പര്യത്തോടെ ശൈഖുനാ പങ്കെടുത്തു. അധ്യാപനവും പൊതുപാരിപാടികളും ഒഴിവാക്കാനുള്ള ഡോക്ടർമാരുടെ ഉപദേശം പൂർണ്ണമായി  സ്വീകരിക്കാൻ ശൈഖുന  തയ്യാറായില്ല.അവസാന നിമിഷം വരെ അധ്യാപനവും ദീനീ പ്രവർത്തനവും സജീവമായി തുടർന്നു. ഫിഖ്ഹ് ഗ്രൻഥമായ തുഹ്ഫയുടെ ക്ലാസ്സ് കഴിഞ്ഞു റൂമിലെത്തി തന്നെ കാത്തു നിന്നവർക്ക് ഫത്‌വ നല്കുന്നതിനിടയിലാണ് ശൈഖുനാക്ക് ക്ഷീണം  വന്നതും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെടുന്നതും..


സത്യം ആരുടെ മുന്നിലും തുറന്നു പറയാൻ മടിയുണ്ടായിരുന്നില്ല.തീരുമാനത്തിൽ  ഉറച്ചു നിൽക്കും.വളച്ചു കെട്ടില്ലാതെ കാര്യങ്ങൾ എവിടെയും ആരുടെ മുന്നിലും പച്ചയായി ശൈഖുനാ തുറന്നു പറയും.

നബി(സ) യുടെയും സ്വഹാബതിന്റെയും സച്ചരിതരായ ഇമാമുമാരുടെയും  ചര്യയായ ആഹ്ലുസ്സുന്നതി വൽജമാ-അതിൽ അടിയുറച്ചു നിന്ന് സമസ്തക്കും  സമൂഹത്തിനും നേതൃത്വം നല്കിയ ശൈഖുന തന്റെ മുൻഗാമികളെ സസൂക്ഷ്മം പിന്തുടര്ന്നു എന്നതാണ് അവരുടെ ഏറ്റവും വലിയ മഹത്വം .

നിസ്തുലമായ പാണ്ഡിത്യവും വിസ്മയിപ്പിക്കുന്ന ജീവിത വിശുദ്ധിയും അവരെ ഏവര്ക്കും പ്രിയങ്കരനാക്കി .ഇബാദത്തും ദിക്രും മുത്വാലഅയും നസ്വീഹതുമായിരുന്നു അവരുടെ ജീവിതത്തിന്റെ ഉൾക്കരുത്ത്.വിനയവും ലാളിത്യവുമായിരുന്നു ആ ജീവിതത്തിന്റെ മാറ്റ്   കൂട്ടിയത്.

വിധി പറയുന്നതിലും തീരുമാനെമെടുക്കുന്നതിലും
  വാദങ്ങൾക്ക് ഉടനടി   കൃത്യമായ മറുപടി നല്കിയിരുന്നതിലും
പ്രകടമായ ധിഷണാ ശക്തി എല്ലാവരെയും അത്ഭുതപ്പെടുത്തി

മതവിധി തേടി കൊണ്ടോട്ടിയിലെ വസതിയിലും ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റിയിലും നിരവധി പേരാണ് ദിവസവും എത്തിയിരുന്നത്.

മതവിധി ആവശ്യപ്പെട്ട് എത്തുന്ന ചോദ്യത്തിന് ആധികാരിക ഗ്രന്ഥങ്ങളുദ്ധരിച്ച് അപ്പോള്‍ തന്നെ മറുപടി നല്‍കും.

അനന്തരസ്വത്ത് ഓഹരി വെക്കുന്ന കേസുകള്‍ ഞൊടിയിടയില്‍ തീര്‍പ്പുകല്‍പിക്കാനുള്ള  കഴിവ് കേരളത്തിലെ പ്രമുഖരായ പണ്ഡിതന്മാരും നിയമജ്ഞരും അംഗീകരിച്ച കാര്യമാണ്.
നികാഹ് , വഖ് ഫ് ഏത് ചോദ്യമായാലും കിതാബ് കാണാതെ ഞൊടിയിടയിൽ മറുപടി.

ടെസ്റ്റ് ട്യൂബ് ശിശുവും ക്ലോണിങുമെല്ലാം  ഉണ്ടായപ്പോള്‍ വിശുദ്ധ ഖുര്‍ആനിന്റെയും പ്രശസ്ത കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളുടെയും മഹാപണ്ഡിതന്മാരുടെയും വ്യാഖ്യാനങ്ങള്‍ക്കൊത്ത് ഫത്‌വ നല്‍കാന്‍ ചെറുശ്ശേരി ഉസ്താദിന് സാധിച്ചു.ഏത് കിത്താബില്‍എവിടെആര്  വിഷയം വിശദീകരിക്കുന്നുണ്ടെന്ന് ഓര്‍മ്മയില്‍ നിന്നെടുത്തുപറയാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.




































അദ്ദേഹത്തിന്റെ ഓരോ പ്രഭാഷണവും അങ്ങേയറ്റം പണ്ഡിതോചിതമായിരുന്നു. അനേക ഗ്രന്ഥങ്ങള്‍ വായിച്ചാല്‍ മാത്രം ലഭിക്കുന്ന അറിവുകള്‍ ഒരൊറ്റ പ്രഭാഷണത്തിലൂടെ സദസ്സിന് കൈമാറാന്‍ കഴിയുന്ന മഹാനവര്കളുടെ അപാരമായ കഴിവ് എല്ലാവരെയം അത്ഭുതപ്പെടുത്തി.


ശംസുല്‍ ഉലമയുടെ  പിന്‍ഗാമിയായി 1996 ലാണ് കേരളത്തിലെ ഏറ്റവും വലിയ മതപണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ജനറല്‍ സെക്രട്ടറി പദത്തിലെത്തുന്നത്.
രണ്ടു പതിറ്റാണ്ടിലേറെ കേരളത്തിലെ മുസ്ലിംകളുടെ മത നേതൃത്വം വഹിച്ചിട്ടും അതിന്റെ ലക്ഷണമൊന്നും മഹാനവര്കൾ കാണിച്ചില്ല .എടുത്തു ചാടി അഭിപ്രായം പറഞ്ഞില്ല.പബ്ലിസിറ്റി ഒരിക്കലും ആഗ്രഹിച്ചില്ല.കോലാഹലങ്ങൾ ഇഷ്ട്ടപ്പെട്ടില്ല.മീഡിയകളെ തേടി പോയില്ല. സമുദായ  താൽപ്പര്യ സംരക്ഷണത്തിന് വേണ്ടിയല്ലാതെ അധികാര കേന്ദ്രങ്ങളിൽ പോവുകയുണ്ടായില്ല.

അല്ലാഹുവിന്റെ സ്മരണയിലായി  ശാന്തമായി നീങ്ങിയ ആ മഹാ ജീവിതം സത്യം തുറന്നു പറയാൻ   എപ്പോഴും ആര്ജ്ജവം കാണിച്ചു .എല്ലാവരെയും ഒരു പോലെ സ്വീകരിച്ചു. ആദർശത്തിൽ   വിട്ടു വീഴ്ച കാണിച്ചില്ല. അതെ സമയം അതിന്റെ പേരില് ആരെയും അപമാനിക്കാൻ ശ്രമിച്ചില്ല.

ഏതു പ്രശ്നങ്ങള്ക്കും പരമ്പരാഗത കിതാബുകളിൽ നിന്ന് അവരുടെ അപാരമായ ബുദ്ധി പരിഹാരം നിർദ്ദേശിച്ചു.അതിനെ എല്ലാവര്ക്കും മനസ്സിലാവുന്ന വിധത്തിൽ ഉദാഹരണങ്ങളും ചിലപ്പോൾ ഫലിതവും  ചേർത്ത് ഭംഗിയായി അവതരിപ്പിച്ചു .അവരുടെ പ്രസംഗങ്ങകളും വളരെ ലളിതവും അതേ സമയം ആശയ സമ്പൂർണ്ണവുമായിരുന്നു. ചിന്തിക്കാനും ചിരിക്കാനും പഠിക്കാനും അതിൽ കഴമ്പുണ്ടായിരുന്നു.

സമസ്തയുടെ മുന്കാല പ്രമേയങ്ങളും ഫത് വകളും എല്ലാം അദ്ദേഹത്തിന് മന:പാഠമായിരുന്നു.
എന്ന് വേണ്ട കിതാബുകളൊക്കെ ആ ഹൃദയത്തിലലിഞ്ഞു ചേർന്നിരുന്നു.

എന്നിട്ടും ഒരു സാധാരണക്കാരനെ പോലെ ജീവിക്കാൻ അദ്ദേഹം ഇഷ്ട്ടപ്പെട്ടു .


ജീവിത കാലത്ത് പത്രങ്ങളിൽ നിന്നും മീഡിയകളിൽ നിന്നും പരമാവധി മാറി നിന്ന ശൈഖുനായുടെ വേര്പാട് പത്രങ്ങളിലൊക്കെ പേജുകൾ നിറച്ചു .ചാനലുകൾ അന്ത്യ കർമങ്ങൾ ഓരോന്നും ഒപ്പിയെടുത്തു.

ജന സഞ്ചയത്തിന്റെ ഒഴുക്ക് കണ്ടപ്പോഴായിരുന്നു നാട്ടുകാര്‍ പോലും ആ മഹദ്‌പുരുഷനെ  ശരിക്ക് മനസ്സിലാക്കിയത്‌

.ജീവിക്കുംപോഴല്ല,യഥാർത്ഥത്തിൽ മരിക്കുമ്പോഴാണ് ഒരാൾ മഹാനാകുന്നത് എന്ന് പറയപ്പെടാറുണ്ട്.അത് ശൈഖുനായുടെ ജീവിതവും മരണവും  തെളിയിച്ചു .

മടങ്ങി വരില്ല ഇത് പോലെ ഒരു ചരിത്രം..ഒരു പണ്ഡിതൻ .  എല്ലാവരും തുറന്നു പറഞ്ഞു - ഈ കാലഘട്ടത്തിന്റെ അനുഗ്രഹവും തുല്യതയില്ലാത്ത  ഉഖ്രവിയായ പണ്ഡിതനും  മാതൃകാ യോഗ്യനുമായിരുന്നു ശൈഖുനാ സൈനുൽ ഉലമ.


നിരവധി പണ്ഡിതര്‍ പിറവിയെടുത്ത തറവാട്ടിലായിരുന്നു സൈനുല്‍ ഉലമാ സൈനുദ്ദീന്‍ മുസ്ലിയാരുടെ ജനനം.

പ്രശസ്ത പണ്ഡിതകുടുംബമായ ഖാസിയാരകത്തു നിന്ന് കേരളത്തിന്റെ ഇസ്‌ലാമിക വിജ്ഞാന രംഗത്ത് ലഭിച്ച അസാധാരണ പ്രതിഭയായിരുന്നു സൈനുല്‍ ഉലമ സൈനുദ്ദീന്‍ മുസ്‌ല്യാര്‍.

(
മഖ്ദൂമികള്‍ക്ക് ശേഷം ഒരു നൂറ്റാണ്ടിലേറെയായി ഖാസിയാരകം ഖാസിമാരായി തുടര്‍ന്ന് വരുന്നത് ചെറുശ്ശേരി കുടുംബത്തിലെ പണ്ഡിതരാണ്)

പിതാവ് മുഹമ്മദ് മുസ്ലിയാരുടെ പിതാവ് സൈനുദ്ദീന്‍ മുസ്ലിയാരും അദ്ദേഹത്തിന്‍െറ പിതാവ് കുഞ്ഞാമുട്ടി മുസ്ലിയാരും പ്രഗല്ഭ പണ്ഡിതന്മാരായിരുന്നു.

സങ്കീര്‍ണമായ ഫത്‌വകള്‍ക്കായി മുന്‍കാലങ്ങളില്‍ തന്നെ ആളുകള്‍ ചെറുശ്ശേരി കുടുംബത്തിലെ പണ്ഡിതരെ സമീപിക്കുമായിരുന്നു. സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്്‌ല്യാരിലൂടെ  സ്ഥിതി തുടര്‍ന്നു.

പ്രമുഖ പണ്ഡിതനായിരുന്ന ചെറുശ്ശേരി മുഹമ്മദ് മുസ്‌ലിയാരുടെയും ബംഗാളത്ത് പാത്തുമ്മുണ്ണിയുടെയും മകനായി 1937ല്‍ കൊണ്ടോട്ടിക്കടുത്ത് മൊറയൂരിലാണ് ജനനം.

മൊറയൂര്‍ പള്ളിപ്പറമ്പില്‍ ശൈഖ് മൊല്ലയുടെ ഓത്തുപള്ളിയിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.

 
പിന്നീട് കൊണ്ടോട്ടി സ്‌കൂളില്‍ എട്ടുവര്‍ഷം പഠിച്ചു.

തുടര്‍ന്ന് ദര്‍സ് പഠനത്തിലേക്ക് തിരിയുകയായിരുന്നു. പ്രമുഖ പണ്ഡിതനായിരുന്ന പിതാവ് മുഹമ്മദ് മുസ്്‌ലിയാരുടെ ശിക്ഷണത്തിലായിരുന്നു ഏഴുവര്‍ഷം.

പിന്നീട് മഞ്ചേരിയില്‍ ഓവുങ്ങല്‍ അബ്ദുറഹ്്മാന്‍ മുസ്്‌ലിയാരുടെ ദര്‍സില്‍ രണ്ടു വര്‍ഷവും ചാലിയത്ത് ഓടക്കല്‍ സൈനുദ്ദീന്‍ മുസ്്‌ലിയാരുടെ ദര്‍സില്‍ ഒരു വര്‍ഷവും പഠനം നടത്തി.

സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്്‌ലിയാരുടെ പിതാവ് മുഹമ്മദ് മുസ്്‌ലിയാര്‍ കണ്ണിയത്ത് അഹമ്മദ് മുസ്്‌ലിയാരുടെ സഹപാഠിയായിരുന്നു.

ബാല്യകാലംമുതലേ അടക്കാനാവാത്ത വിജ്ഞാനദാഹം സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരുടെ സവിശേഷതയായിരുന്നു.അസാമാന്യമായ ഗ്രഹണശേഷിഓര്‍മശക്തി എന്നിവയാലും അദ്ദേഹം അനുഗ്രഹിക്കപ്പെട്ടു.

വെല്ലൂരിലെ ബാഖിയാത്ത് സ്വാലിഹാത് എന്ന ഇസ്ലാമിക കലാലയത്തില്‍ ചേര്‍ന്ന് പഠിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോഴായിരുന്നു പിതാവിന്‍െറ ഉപദേശം -‘നീ ബാഖിയാത്തിലൊന്നും പോകേണ്ടതില്ല.അവിടെ പഠനം നടത്തിയവര്‍ നിന്നെത്തേടി നിന്‍െറ അരികിലത്തൊതിരിക്കില്ല’.

പിതാവിന്‍െറ ഈ വാക്കുകള്‍ അക്ഷരാര്‍ഥത്തില്‍ പുലര്‍ന്നു.

 
ബാഖിയാത്തിൽ നിന്നും ഇതര പേരുകേട്ട  സഥാപനങ്ങളിൽ നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയവര്‍ അദ്ദേഹത്തെ തേടി എത്തിക്കൊണ്ടിരുന്നു.

1974ല്‍തന്റെ യുവത്വകാലത്ത് തന്നെ സമസ്തയുടെ ഉന്നതാധികാര സമിതിയായ 'മുശാവറ'യിലെത്തിയ സൈനുല്‍ഉലമ തൊട്ടടുത്ത വര്‍ഷം തന്നെ 'ഫത്‌വാകമ്മിറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.

കര്‍മശാസ്ത്രത്തില്‍ സൈനുല്‍ ഉലമായുടെ അഗാധമായ പാണ്ഡിത്യം തിരിച്ചറിഞ്ഞ ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്്‌ലിയാര്‍ ഉസ്താദവര്കളെ സമസ്തയുടെ ഫത്‌വ കമ്മിറ്റിയുടെ കണ്‍വീനറാക്കുകയായിരുന്നു.ശംസുല്‍ ഉലമാക്കു ശേഷംദീര്‍ഘകാലം ഇതിന്റെ ചെയര്‍മാനാവുകയും ചെയ്തു.

കൊണ്ടോട്ടി കോടങ്ങാട് ജുമാമസ്ജിദില്‍ 20 വര്‍ഷത്തോളം സൈനുല്‍ ഉലമ  മുദ്‌രിസായിരുന്നു.

1977 സെപ്റ്റംബര്‍ 25 മുതല്‍ ചെമ്മാട് മസ്ജിദില്‍ മുദരിസ്സായിരുന്ന സൈനുല്‍ ഉലമ 1994 വരെ  മഹല്ലിൽ സേവനം തുടർന്നു.

എം.എം. ബശീര്‍ മുസ്ലിയാരുടെ വിയോഗത്തോടെ 1994ല്‍ ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി പ്രിന്‍സിപ്പലായി തെരഞ്ഞെടുക്കപ്പെട്ട സൈനുല്‍ ഉലമ  തിരക്കുപിടിച്ച സാഹചര്യങ്ങളില്‍ പോലും ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിലെ ക്ളാസുകള്‍ക്ക് കൃത്യമായി എത്തിയിരുന്നു.

ശൈഖുനാക്ക് നേരത്തെ മരണത്തിന്റെ സൂചന ലഭിച്ചിരുന്നു.
.
കുറച്ചു നാളുകൾക്കപ്പുറം തന്റെ കിതാബുകളൊക്കെ അല്പാല്പമായി കൊണ്ട് വന്നു ദാറുല്‍ ഹുദാ
ഇസ്ലാമിക് യൂനിവേഴ്സിറ്റി ലൈബ്രറിയിലേക്ക് വഖഫ് ചെയ്തിരുന്നു...മാത്രമല്ല എന്നെ ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റിയുടെ മസ്ജിദിനു മുൻവശം ആത്മ മിത്രമായിരുന്ന മര്ഹൂം ബാപ്പുട്ടി ഹാജിക്ക് സമീപം മറവു ചെയ്യണമെന്നും   ശൈഖുനാ വസ്വിയ്യത്ത് ചെയ്തിരുന്നു...

ഫിഖ്ഹ് ക്ലാസ്സുകളായിരുന്നു ശൈഖുനാ നിർവ്വ ഹിച്ചിരുന്നത്.
കഴിഞ്ഞ വര്ഷം  ശൈഖുന ഒരു മാറ്റം ആഹ്രഹിച്ചു. അവസാന കാലത്ത് ഹദീസ് കൊണ്ട് വ്യാപൃതരാവണമെന്നാണ്   മഷാഇഖുമാർ പറഞ്ഞിരിക്കുന്നത് എന്ന് പറഞ്ഞു  ഫിഖ്‌ഹിൽ തുഹ്ഫ മാത്രം നില നിര്ത്തി ഹദീസിന്റെ (സ്വഹീഹ് മുസ്ലിം) ക്ലാസ്സ്‌ ചോദിച്ചു വാങ്ങുകയായിരുന്നു.

അതിൽ അമ്രുബ്നുൽ ആസ്വ് (റ)  വിന്റെ മരണ ശയ്യയും തൽഖീൻ അടക്കമുള്ള അനന്തര കര്മ്മവുമായി ബന്ധപ്പെട്ട ഹദീസായിരുന്നു ശൈഖുനാ അവസാനമായി ഓതി ക്കൊടുത്ത  ഹദീസ്.


18/2/16 വ്യാഴാഴ്ച പുലർച്ചെയാണ് ശൈഖുന കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ച് വാഫാതായത്.വിവരം അറിഞ്ഞ ഉടനെ തന്നെ ജന്മ നാടായ കൊണ്ടോട്ടി ജനസാഗരമായി തീര്ന്നു.
ജനത്തിരക്ക് മൂലം ഭൂരിഭാഗം ആളുകള്ക്കും ജനാസ ദർശിക്കാൻ സാധിച്ചില്ല.  പലതവണകളായി ജനാസ നമസ്കാരം നടന്നു .

ജനത്തിരക്ക് അനിയന്ത്രിതമായതോടെ പന്ത്രണ്ടരയോടെ  താന്‍ ദീര്‍ഘകാലം സേവനം ചെയ്ത   ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിലേക്ക് മയ്യിത്ത് കൊണ്ടുപോയി.

പ്രിയനേതാവിനെ ഒരു നോക്കു കാണാന്‍  ലക്ഷങ്ങൾ   ദാറുൽഹുദായിലേക്ക് മല വെള്ള പ്പാച്ചിൽ പോലെ ഒഴുകിയെത്തി.മഹാഭൂരിഭാഗവും മയ്യിത്ത് കാണാനാവാതെ പാണ്ഡിത്യത്തിന്റെ സൂര്യതേജസ്വിക്ക് വിട നല്‍കുകയായിരുന്നു.




 
ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി മുറ്റത്ത് പ്രത്യേകം തയ്യാര്‍ ചെയ്ത സ്ഥലത്ത് ഓരോ അരമണിക്കൂര്‍ ഇടവിട്ടാണ് നമസ്‌കാരങ്ങള്‍ നടന്നത്.


വ്യക്തിജീവിതത്തിലും പെരുമാറ്റത്തിലും ആരാധനാ കാര്യങ്ങളിലുമെല്ലാം വളരെ സൂക്ഷ്മത പുലര്‍ത്തിയിരുന്ന സൈനുല്‍ഉലമാ  എല്ലാ അര്‍ത്ഥത്തിലും സമകാലിക സമൂഹത്തിന് മാതൃകയാണ്.


ജീവിതം മുഴുവൻ അറിവിനും ആരാധനക്കും സമുദായ സേവനത്തിനും സമർപ്പിച്ച സൈനുൽ ഉലമയിലെ വിനയാന്വിത മുഖത്തെ ഒരിക്കൽ കൂടി ഉദ്ധരിച്ചു ഇവിടെ  അവസാനിപ്പിക്കട്ടെ.അല്ലാഹു അവരുടെ പദവി ഉയർത്തട്ടെ.





----------------------------------------------------------------
N:B-

കൂടുതൽ വായിക്കാൻ - see these old posts:
---
സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന് മുസ്ലിയാര്: ഇസ്‌ലാമിക കര്‍മ ശാസ്ത്രത്തിലെ ഇതിഹാസം,Cherusheri Zainudheen Musliyar 

-------------

കണ്ണിയത്ത് ഉസ്താദ് ,ശംസുൽ ഉലമ,സൈനുൽ ഉലമ :നമ്മെ വിസ്മയിപ്പിച്ച മൂന്നു പണ്ഡിത ജ്യോതിസ്സുകൾ