ഞങ്ങളുടെ
പ്രിയപ്പെട്ട ഉപ്പ മുഫത്തിശ് കാരി അബൂബക്കർ ഹാജി വഫാതായിട്ട്
ഇന്നേക്ക് (മുഹറം 22 വ്യാഴം)ഒരു
വര്ഷം പൂർത്തിയാകുന്നു .എല്ലാവരും ഫാതിഹ കഴിയുമെങ്കിൽ യാസീൻ ഓതി ഉപ്പാക്ക് പ്രത്യേകം ദുആ ചെയ്യണം എന്നപേക്ഷിക്കുന്നു .അല്ലാഹു അവരുടെ പദവി ഉയർത്തട്ടെ
========
സാദത്തിനെയും ഔലിയാഇനെയും ഉലമാഇനെയും
ഉപ്പ വളരെ സ്നേഹിച്ചു.
പാണക്കാട് കുടുംബത്തോട് വലിയ
സ്നേഹമായിരുന്നു.പൂക്കോയ തങ്ങളെ
കുറിച്ച് പല തവണ അനുസ്മരണം എഴുതിയിട്ടുണ്ട്. ഞങ്ങളോടൊപ്പം
ഇരിക്കുമ്പോൾ ചിലപ്പോൾ ബാപ്പ പാടും ''പാണക്കാട്ടെ കല്ലറയിൽ അന്തിയുറങ്ങും നേതാവേ ". .
.ഇൽമിനെ സ്നേഹിച്ച ഉപ്പ മക്കളെയും പേരമക്കളെയും മത ഭൂതിക സമന്വയം ലഷ്യമാക്കിയ സ്ഥാപനങ്ങളിൽ ചേർത്തു പഠിപ്പിച്ചു .
മക്കൾ ബാപ്പാക്ക് ജീവനായിരുന്നു .അത് കൊണ്ട് തന്നെ ഇടയ്ക്കിടെ എല്ലായിടത്തും വന്നു മക്കളെയും ഉസ്താദുമാരെയും കാണും.
ഏതു മഹാനെ സന്ദർശിച്ചാലും ഒരേ ഒരു ആവശ്യം മാത്രം പറയും"മക്കൾ ഇൽമ് പഠിക്കണം".
സി.എം വലിയുല്ലാഹി ,
തൃപ്പനച്ചി ഉസ്താദ്,സാദാത്തുമാർ...തുടങ്ങിയ മഹാന്മാരോടൊക്കെ ബാപ്പ അത് പറയുന്നതിനു ഞങ്ങളിൽ പലരും സാക്ഷിയായിട്ടുണ്ട്.
ഒരിക്കൽ ഉമ്മയോടൊത്തു സി.എം വലിയുല്ലാഹിയുടെ അടുക്കൽ പോയത് ഉമ്മയോർക്കുന്നു.ബാപ്പ മഹാനവര്കളോട് പറഞ്ഞു:എല്ലാവരും ആൺമക്കളാണ്.അവർ ഇൽമ് പഠിക്കാൻ ദുആ ചെയ്യണം.ഉടൻ മറുപടി വന്നു. മക്കൾ ഇൽമ് പഠിക്കും .പെൺ കുട്ടികൾ ഉണ്ടാവുകയും ചെയ്യും.മഹാന്റെ വാക്ക് പുലരുകയും ചെയ്തു.
ഏതു യാത്രയിലും വഴി മധ്യേയുള്ള എല്ലാ മഖാമുകളിലും ഇറങ്ങി സിയാറത് ചെയ്യുക ബാപ്പാന്റെ പതിവായിരുന്നു.വലിയ തിരക്കാണെങ്കിൽ വാഹനത്തിൽ വെച്ച് തന്നെ ഞങ്ങൾ കൂടെയുണ്ടെങ്കിൽ ഫാതിഹ ഓതാൻ പറയും .
കേരളത്തിയിലെയും ദക്ഷിണ കന്നഡയിലെയും എല്ലാ മഖാമുകളും ഉപ്പാക്ക് സുപരിചിതമാണ്. പല തവണ അജ്മീർ, ഏർവാടി , നാഗൂർ ,മുത്തുപ്പേട്ട എന്നീ മഖാമുകളിലേക്കു സിയാറത്തിന് പോയിട്ടുണ്ട്.
അത് പോലെ വിവിധ ഖബറിസ്ഥാനുകൾക്കു സമീപം കടന്നു പോകുമ്പോൾ അവിടെ മറവു ചെയ്യപ്പെട്ട ബന്ധുക്കളെ ഉദ്ധരിച്ചു ഫാതിഹ ഓതാൻ പറയുമായിരുന്നു .
വർഷത്തിലൊരിക്കൽ ഔലിയാക്കളുടെയും സയ്യിദുമാരുടെയും സമസ്ത ഉലാമിന്റെയും മഖ്ബറകളിലേക്കു എല്ലാവരെയും കൂട്ടി ഒരു സിയാറത് പതിവായിരുന്നു.
എല്ലാ ബറാഅത് ദിനത്തിലും ആൺ മക്കളെയൊക്കെ കൂട്ടി കുടുംബത്തിലെത്തിലെ അടുത്തും വിദൂരത്തുമുള്ള മരണപ്പെട്ടവരുടെ ഖബറിടങ്ങൾ സന്ദർശിക്കും.
ഞങ്ങളുടെ പഠനം,ജോലി തുടങ്ങി കുടുംബത്തിലെ എല്ലാ കാര്യങ്ങളും പാണക്കാട് കൂട്ടി കൊണ്ട് പോയി ദുആ ചെയ്യിപ്പിച്ചായിരുന്നു തുടങ്ങാറുണ്ടായിരുന്നത് .
ഉമ്മാക്കും അതിൽ വലിയ കണിശതയാണ്.
ഓരോ മാസവും വഫാത്തായ മഹാന്മാരുടെ പേരിൽ ബാപ്പ ഞങ്ങളെയൊക്കെ വിളിച്ചു കൂട്ടി ഫാതിഹ ഓതി ദുആ ചെയ്യുകയും ശീർണി നൽകുകയും ചെയ്തിരുന്നു.
കക്കിടിപ്പുറം ഉസ്താദ്,ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാർ , ഞെണ്ടാടി ഷെയ്ഖ് തുടങ്ങി പല മഹാന്മാരിൽ നിന്നും ബാപ്പ ഇജാസത്തുകൾ വാങ്ങിയിരുന്നു.
മിക്ക നേർച്ചകളിലും ബാപ്പ കൃത്യമായി പങ്കെടുക്കാറുണ്ട്. മമ്പുറം,മടവൂർ,പുത്തൻപള്ളി, ബീരാൻ ഔലിയ,കക്കിടിപ്പുറം എന്നിവിടങ്ങളിൽ പ്രത്യേകിച്ചും.മമ്പുറത്തെ നേർച്ചച്ചോര് ബാപ്പക്ക് വലിയ ആനന്ദമായിരുന്നു. എവിടെയായിരുന്നാലും ബാപ്പ അത് വാങ്ങാൻ അന്ന് അവിടെയെത്തിയിരിക്കും.
പള്ളി മദ്രസ സംഘടനാ പ്രവർത്തനങ്ങൾക്കൊപ്പം സ്വലാത് - ഹദ്ദാദ് മജ്ലിസുകൾ സ്ഥാപിക്കുക,വഅളുകൾ സംഘടിപ്പിക്കുക,ദര്സുകളിലും സ്ഥാപനങ്ങളിലും കുട്ടികളെ ചേർക്കാൻ പ്രോത്സാഹിപ്പിക്കുക എന്നിവയിലും ബാപ്പ പണ്ട് മുതൽ തന്നെ ശ്രദ്ധ കാണിച്ചു
ഹദ്ദാദ് - അൽകഹ്ഫ്,പള്ളിയിലെ മര്യാദകൾ.. എന്നിവ പോകുന്നിടത്തൊക്കെ
പള്ളികളിലും മദ്രസകളിലും വിതരണം ചെയ്യുന്ന പതിവ് ബാപ്പക്കുണ്ടായിരുന്നു.
പത്രം വായിക്കുമ്പോൾ എപ്പോഴും മയ്യിത്തു നിസ്കരിപ്പിക്കുവാനുള്ള പേരുകൾ എഴുതിയെടുക്കും. ചിലപ്പോൾ കൂടുതൽ പേരുകളുണ്ടാവും. അതിനുള്ള ഫലം കൂടിയാവാം സമസ്ത പ്രസിഡന്റ് ബഹുമാനപ്പെട്ട സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അഭ്യർത്ഥന പ്രകാരം കേരളത്തിലുടനീളം പള്ളികളിൽ ഉപ്പാക്ക് മയ്യിത്ത് നിസ്കാരം നിർവ്വഹിക്കപ്പെട്ടു .
സമസ്തയുടെ ആദ്യ കാലം മുതലുള്ള പ്രസിദ്ധീകരണങ്ങളും മറ്റും ഭദ്രമായി ബാപ്പ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.സമസ്തയുടെ ചരിത്രങ്ങൾ വളരെ കൃത്യമായി ഓർത്തു വച്ചിരുന്നു.മുസ്ലിം രാഷ്ട്രീയ പ്രസ്ഥനത്തിന്റെ ആവശ്യം നന്നായി ഉൾക്കൊണ്ട ഉപ്പ ആ വിഷയത്തിലും പാണക്കാട് സാദാത്തിനെ പിൻപറ്റി .
ആദ്യ കാലങ്ങളിൽ മദ്റസ അധ്യാപകനായും പിന്നീട് സ്കൂളിൽ അറബിക് അധ്യാപകനായും ജോലി ചെയ്തു .പിന്നീട് ബഹുമാനപ്പെട്ട
സമസ്തയുടെ നേതാവ് മർഹൂം ഉസ്മാൻ സാഹിബിന്റെ ഉപദേശ പ്രകാരം
സമസ്തയുടെ മുഫത്തിശ് ആയി സേവനം ഏറ്റെടുത്തു.
നിരവധിയാളുകളെ ഇൽമ് പഠിപ്പിക്കുന്നതിനു വിവിധ സ്ഥാപങ്ങങ്ങളിലും ദര്സുകളിലും ചേർക്കാൻ ബാപ്പ മുൻകൈ എടുത്തിട്ടുണ്ട് .അനാഥകളെയും പ്രത്യേകം ഗൗനിച്ചിരുന്നു.
അത്യാവശ്യം എഴുതാറുണ്ടായിരുന്ന ഉപ്പ.ഡയറി കൃത്യമായി എഴുതിയിരുന്നു. മൂന്ന് താണ ബാപ്പ ഹജ്ജിനു പോയിട്ടുണ്ട്.ഹജ്ജ് യാത്രയുടെയും അജ്മീർ, ഏർവാടി ,മുത്തുപ്പേട്ട തുടങ്ങിയ സിയാറത്തുകളുടെയും ബാപ്പ എഴുതിയ ഡയറി കുറിപ്പുകൾ കണ്ടിട്ടുണ്ട്.
അൽമുസ്തഖീം എന്ന പേരിൽ ഒരു മാസിക പഴയ കാലത്തു ഞങ്ങളുടെ പ്രദേശങ്ങളിൽ ബാപ്പ പ്രസിദ്ധീകരിച്ചിരുന്നു.
ബാപ്പയിലെ എഴുത്തുകാരൻ വളർന്നു വന്നത് അതിലൂടെയായിരുന്നു.
സുഹൃത്തുക്കളോടൊപ്പം നടന്നു പരപ്പനങ്ങാടി ബയാനിയ്യ പ്രസ്സിൽ പോയി പ്രിന്റ് ചെയ്തു വരികയായിരുന്നു പതിവ്.ഉപ്പയുടെ സുഹൃത്തുക്കൾ ഇന്നും അതോർക്കുന്നു.
അൽമുഅല്ലിമിലും സുന്നീ അഫ്കാരിലും ഇടക്കൊക്കെ
ഉപ്പ എഴുതാറുണ്ടായിരുന്നു.ചന്ദ്രികയിലും ചില
കുറിപ്പുകൾ എഴുതിയിട്ടുണ്ട് .
മഹാന്‍മാരുടെ അനുസ്‌മരണങ്ങളും യാത്ര
കുറിപ്പുകളും ആയിരുന്നു അധികവും. ഒരിക്കൽ ബാബരി മസ്ജിദിനെ കുറിച്ച എഴുതിയത്
ഓർമയുണ്ട് .
രേഖകളും പഴയ പ്രസിദ്ധീകരണങ്ങളും വളരെ ചിട്ടയോടെ ബാപ്പ സൂക്ഷിച്ചു.അതിൽ ചെറുതായി ഒന്ന് കൈ വെച്ചാൽ പോലും ബാപ്പാക്ക് മനസ്സിലാകുമായിരുന്നു.കീശയിൽ ഒരു പേനയും ചെറിയ പേപ്പറുകൾ അടുക്കി വെച്ച ചെറിയ ഒരു പഴയ ഡയറിയും എപ്പോഴും കൂടെ കാണും.ബാപ്പയെ പോലെ മർഹൂം ബാപ്പുട്ടി ഹാജിയും ഈ കാര്യം ശീലമാക്കാൻ നിർദ്ദേശിച്ചതോർക്കുന്നു.
ചെറിയ പ്രായത്തിലെ സംഘടനാ മികവ് കാണിച്ചിട്ടുണ്ട്.കുട്ടികളെ കൂട്ടി മരച്ചുവട്ടിലും മറ്റും നബി ദിന പരിപാടികളും മറ്റും സംഘടിപ്പിച്ചിരുന്നു. .ഞങ്ങളുടെ കുട്ടിക്കാലത്തു ഉപ്പയുടെ ഉപദേശ പ്രകാരം ഞങ്ങളും കുറെ കാലം അത് ചെയ്തു വന്നു.
തന്റെ യൗവ്വന കാലത്തു മദ്റസ അധ്യാപകനായിരുന്നപ്പോൾ കുട്ടികൾക്ക് പ്രസംഗ പരിശീലനം സംഘടിപ്പിച്ചിരുന്നു. SYS ജില്ലാ ട്രഷറർ ആയിട്ടുണ്ട്.
ദാറുൽ ഹുദാ ഇസ്ലാമിക് യുണിവേഴ്സിറ്റിയുടെ നേതാക്കളുമായും ഉസ്താദുമാരുമായും അഭേദ്യ ബന്ധമായിരുന്നു . സൈനുൽ ഉലമ ചെറുശ്ശേരി ഉസ്താദ് കോടങ്ങാട് സേവനം ചെയ്യുമ്പോൾ തന്നെ ബാപ്പ അവരുമായി നല്ല ബന്ധം സ്ഥാപിച്ചിരുന്നു.ഞങ്ങളുടെ മഹല്ലത്തിന്റെ ഖാസിയുമായിരുന്നു ശൈഖുനാ.
മർഹൂം ശൈഖുനാ സി .എച് ഹൈദ്രോസ് ഉസ്താദിനെയും ബാപ്പുട്ടി ഹാജിയെയും ഏറെ ഇഷ്ട്ടപ്പെട്ട ഉപ്പ ഇടയ്ക്കിടെ പ്രസംഗങ്ങളിൽ അവരുടെ ഓർമ്മകൾ ഉദ്ധരിക്കും.സി എച് ഉസ്താദിന്റെ സ്മരണികയിൽ ഉപ്പയുടെ ലേഖനവുമുണ്ട്.
എപ്പോൾ കോളേജിൽ വന്നാലും വൈസ് ചാൻസലർ ബഹാഉദ്ധീൻ ഉസ്താദിനെ കാണാതെ ഉപ്പ
മടങ്ങാറുണ്ടായിരുന്നില്ല.ഞങ്ങളുടെ എല്ലാ ഉസ്താദുമാരുമാരുമായും ആദ്യ ബാച്ചുകളിലെ വിദ്യാര്ത്ഥികളുമായും ഉപ്പാക്ക് വലിയ
സ്നേഹ ബന്ധമായിരുന്നു.
ദാറുൽഹുദായിൽ ചൊല്ലുമ്പോൾ ബഹുമാനപ്പെട്ട സൈദലവി ഹാജിയും ശംസുദ്ധീൻ ഹാജിയും ഷാഫി ഹാജിയുമൊക്കെ ബാപ്പാന്റെ വർത്തമാനാണ് ആദ്യം ചോദിക്കാറുള്ളത്.
സമസ്തയുടെ മുഹിബ്ബായത് കൊണ്ടും മക്കളെയും
പേരകുട്ടികളെയുമൊക്കെ വിവിധ സ്ഥാപനങ്ങളിൽ ചേർത്തു പഠിപ്പിച്ചത് കൊണ്ടും കുണ്ടൂർ മർകസ്,താനൂർ ഇസ്‌ലാഹുൽ ഉലൂം ,യമാനിയ്യ , തിരൂർകാട് അൻവാർ, എടപ്പാൾ ദാറുൽ ഹിദായ, പൊട്ടച്ചിറ അൻവരിയ്യ, ദേശമംഗലം എം. ഐ. സി... തുടങ്ങി മറ്റു പല സ്ഥാപനങ്ങളുമായും അതിന്റെ നേതാക്കളുമായും ഉസ്താദുമാരുമായും ഉപ്പ നല്ല ബന്ധം സ്ഥാപിച്ചിരുന്നു.
എല്ലാ വിഭാഗം ജനങ്ങളോടും കുട്ടികളോട് വരെ വേഗം പരിചയപ്പെടുന്ന പ്രാകൃതായിരുന്നു ഉപ്പയുടേത്.പുഞ്ചിരിയോടെ മാത്രമേ ആരെയും സ്വീകരിച്ചിരുന്നുള്ളൂ
വീട്ടിൽ ബാപ്പയും മക്കളും ഒരുമിച്ചായിരുന്നു എപ്പോഴും ഭക്ഷണം കഴിച്ചിരുന്നത്. യാത്രകൾ കഴിഞ്ഞു ഉപ്പ വൈകി വരുന്ന പക്ഷം ആരെങ്കിലും കൂടെ ഇരിക്കണം. അതിൽ വലിയ നിർബന്ധമായിരുന്നു.
ബിസ്മി ഓർമ്മിപ്പിക്കാൻ ഉപ്പ ഉറക്കെ ചൊല്ലും.നോമ്പിന് അത്തായം കഴിക്കുമ്പോൾ ഞാൻ സുന്നത്തായ അത്തായം കഴിക്കുന്നു എന്ന് ഉറക്കെ പറയും.
ഞങ്ങളുടെ പാത്രത്തിൽ നിന്ന് ഭക്ഷണം വീണാൽ ഞങ്ങൾ വിട്ടു പോയാൽ ഉപ്പ അത് എടുത്ത് തന്റെ പ്ലേറ്റിലേക്കു ഇടും.കുട്ടികൾ ബാക്കി ആക്കിയാൽ അതൊക്കെ ബാപ്പ സ്വയം എടുത്തു കഴിക്കും.
നാം എന്തെങ്കിലും നല്ലത് ചെയ്തെന്നു പറഞ്ഞാൽ
ബാപ്പ ഒരറ്റ വാക്കേ പറയൂ..അല്ലാഹു ഖബൂലാക്കട്ടെ
.വർത്തമാനങ്ങൾ കുറയ്ക്കണമെന്ന് വീട്ടിൽ എപ്പോഴും
ഉപദേശിച്ചിരുന്നു .നല്ല തമാശകൾ പറഞ്ഞിരുന്നു.പ്രധാന വിഷയങ്ങൾ ഉണ്ടാകുമ്പോൾ
എല്ലാവരെയും കൂടി ചർച്ച ചെയ്യും.
കുട്ടികളെ വലിയ ഇഷ്ടമായിരുന്നു. വരുമ്പോഴക്കെ
അവർക്കു മിഠായി കൊണ്ട് വരും.
വിരുന്നുപോകുമ്പോഴും പലഹാരങ്ങൾക്ക് പുറമെ
മിഠായി വാങ്ങി സ്വന്തം കയ്യിൽ പിടിക്കും. പെരുന്നാൾക്കു പുതു പുത്തൻ നോട്ടുകൾ
വീട്ടിലുള്ളവർക്കും വരുന്നവർക്കുമൊക്കെ നൽകും. ഭക്ഷണം കഴിക്കാതെ കുട്ടികൾ
ഉറങ്ങിയാൽ ബാപ്പ പൈസ കൊടുത്തു എണീപ്പിക്കും... ഉപ്പയെ ഓർക്കുമ്പോൾ ഇനിയും ഒട്ടേറെ
പറയാനുണ്ട്.
സ്നേഹ നിധിയായ ഞങ്ങളുടെ പിതാവിന്റെ ദറജ അല്ലാഹു
ഉയർത്തട്ടെ
.അവരോടൊപ്പം അല്ലാഹു സ്വർഗത്തിൽ നാ ഏവരെയും ഒരുമിച്ച് കൂട്ടട്ടെ.ആമീൻ
No comments:
Post a Comment